2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഖസാക്ക് - നിര്‍വചനങ്ങളുടെ തുലാസ്സ് - 4

ഖസാക്ക് - പരിണാമങ്ങള്‍. ഭാഗം - നാല്.

തടിച്ച കണ്ണട ഫ്രെമിന്റെ പിന്നില്‍ നിന്നും തീഷ്ണതയുള്ള രണ്ടു കണ്ണുകള്‍ എന്നെ നോക്കുന്നത് ഞാനോര്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ അള്ളപ്പിച്ചാ മൊല്ലാക്കയെ ഓര്‍മിപ്പിക്കുമായിരുന്നു വിജയന്‍ അന്ന്.. എണ്‍പതുകളിലെ കാര്യമാണ് ഇത്. പക്ഷെ ക്രമാനുഗതമായി വിജയന്‍ അത്തരമൊരു പരിണാമത്തിനു വിധേയനാവുകയായിരുന്നു.
(...സ്കൂളില്‍ നിന്നും മൊല്ലാക്കയുടെ കണ്ണുകള്‍ ചെതലിയിലേക്ക് തിരിഞ്ഞു. തമ്പുരാനേ.. ഒറ്റയടിപ്പാത നീയെനിക്ക് കാണിച്ചു തന്നു.. മേട് കേറി, പള്ളിയാലോരം പറ്റി, ഞാനതിലൂടെ കടന്നു.. കാല് വ്രണപ്പെട്ടു .. എത്ര കൊല്ലം? ഓര്‍ക്കാന്‍ ത്രാണിയില്ല.. മുന്നിരുട്ടു പുതച്ച ചെതലിയുടെ പുറകില്‍, കാലടി വീണിട്ടില്ലാത്ത പെരുവഴികള്‍ തുറവ മൂടിക്കിടക്കുന്നു. യുഗാന്തര സ്മരണയുടെ കര്‍ക്കിടകങ്ങളില്‍ പ്രഭവ സ്ഥാനങ്ങളില്‍ നിന്ന് കലക്കു വെള്ളങ്ങള്‍ താഴോട്ടൊഴുകി. വാര്‍ധക്യത്തിന്റെ ഒഴുക്ക് ചേര് തന്നില്‍ നിക്ഷേപിച്ചു കൊണ്ട് അവ വീണ്ടും ഒഴുകിക്കടന്നു. അവയുടെ മുകളില്‍, ചെതലിയുടെ മിനാരങ്ങളില്‍ ഷേഇഖ് തമ്പുരാന്‍ മാത്രം കാവല്‍ നിന്നു.. )
"ഇതിഹാസത്തിന്റെ ഇതിഹാസം" വായിച്ചിട്ടുണ്ടാവുമല്ലോ. രോഗാതുരനായ വിജയനെ സുഖപ്പെടുത്തുവാന്‍ മന്ത്രമോതി കെട്ടാനായി വന്ന ഖാലിയാരെ ഓര്‍മയില്ലേ? സായാഹ്നത്തിന്റെ കായല്‍ കാറ്റ് കൊണ്ട് വിജയന്‍ അങ്ങനെ ഇരിക്കുമ്പോള്‍, പരിണാമത്തിന്റെ വിഷ്ക്കംഭം ആയിരുന്നു അത് എന്ന് എനിക്കുണ്ടായ തോന്നല്‍ ശരിയായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു..
അരവിന്ദന്റെ കസിന്‍ സേതുമാധവന്‍ - ഞങ്ങള്‍ സേതു ചേട്ടന്‍ എന്ന് വിളിച്ച, കൂട്ടത്തിലെ ഏറ്റവും സീനിയര്‍, 1974 ലെ യൂനിവേര്സിടി യൂണ്യന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന അഡ്വക്കേറ്റ് ജയിംസ്‌ ജോസഫ്‌, ഗ്യാസ് വില്‍പ്പനക്കാരന്‍ എല്‍ പി രാജൂ, ട്രാവന്‍കൂര്‍ കേമിക്കല്‍സിലെ അപ്പു
ഇവരുടെ ഒരു സംഘം വിജയനോടൊപ്പം ഉണ്ടായിരുന്നു.
കോടൂര്‍ ആറിന്റെ ഒരു ചെറിയ കൈവഴി റിസോര്‍ട്ടിന്റെ ഒരു ഭാഗമാണ്. അതിന്റെ കരയില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൌകര്യമാണ് റിസോര്‍ട്ടിന്റെ പ്രത്യേകത. ഒരു ഇല്ലിക്കൂട്ടത്തിന്റെ തണലില്‍ വിജയന്‍ ഇരിക്കുന്നത് എനിക്ക് വ്യക്തമായി ഓര്‍മയുണ്ട്..
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാനത്.......

എണ്‍പതുകളുടെ ഉത്തരായനത്തിലാണ് ഞാന്‍ കോട്ടയത്ത് ഉണ്ടായിരുന്നത്. സിനിമാ നിര്‍മാതാവ് സിയാദ്‌ കോക്കരുടെ ബന്ധുവായ ശ്രീ ജലാല്‍ ഇബ്രാഹിമിന്റെ വേമ്പനാട് ലേക്ക് റിസോര്‍ട്ടില്‍. കോട്ടയം നഗരത്തിന്റെ പ്രാന്തത്തില്‍, മീനച്ചില്‍ ആറിന്റെ കൈവഴിയായ കോടൂര്‍ ആറിന്റെ തീരത്തുള്ള ഒരു ചെറിയ റിസോര്‍ട്ട് ആണ് വേമ്പനാട് ലേക്ക് റിസോര്‍ട്ട്. ടീ ഡീ സീ യില്‍ എന്റെ സീനിയര്‍ ആയിരുന്ന പീറ്റര്‍ കുര്യന്‍ ആണ് കേരളത്തില്‍ ആദ്യമായി ഒരു റിസോര്‍ട്ടിനു പേരു നല്കിയത്. പിന്നീട് ഇവിടെ നിരവധി റിസോര്‍ട്ടുകള്‍ ഉണ്ടായി. കോവളം ബീച്ച് റിസോര്‍ട്ട് ആണ് റിസോര്‍ട്ട് എന്ന പേരു വഹിച്ച കേരളത്തിന്റെ ആദ്യ സ്ഥാപനം.. അത് ഉണ്ടായത് എഴുപതുകളിലാണ്. ആര്‍ക്കിടെക്റ്റ്‌ ചാള്‍സ് കൊറായയാണ്, കേണല്‍ ഗോദവര്‍മ രാജയുടെ കോവളം സ്വപ്നത്തിനു ഭൌതിക രൂപം നല്കിയത്. കടല്‍തീരത്തെ ഒരു കുന്ന് തുരന്ന് മുകളില്‍ നിന്നും താഴേക്ക് 77 മുറികള്‍ ഇറക്കി വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. എല്ലാ മുറികളില്‍ നിന്നും കടല്‍ കാണാവുന്ന തരത്തില്‍ ശില്പചാതുരിയുടെ ഒരു മാക്സിമം വര്ക്ക് ആണ് കോവളം അശോക്‌ ബീച്ച് റിസോര്‍ട്ട്. 2002 -ല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിപ്പോവുകയും ഇപ്പോള്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ലീല ഹോട്ടല്‍ ആയി പരിണമിക്കുകയും ചെയ്തതു അശോക്‌ ഹോട്ടല്‍ ആണ്.
( ടി ഡി സി - ഇന്ത്യ ടൂറിസം development കോര്‍പറേഷന്‍ - നമ്മുടെ സംഭാഷണത്തില്‍ ഇടക്കിടെ കടന്നു വരും. അറിയപ്പെടാത്ത നൂറു നൂറു കാര്യങ്ങളിലൂടെ. രണ്ടു പതിറ്റാണ്ടുകള്‍ ഞാനവിടെ കഴിച്ചുകൂട്ടിയത് കൊണ്ടാണത്.. )
(ഇരുപതു വര്‍ഷമാണ്‌ ഞാന്‍ അശോക്‌ ഹോട്ടലില്‍ ജോലി ചെയ്തത്. ജീവിതത്തിന്റെ നിരവധി നിരവധി അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം നില്‍ക്കാന്‍ ഇടയായതും അവിടെയായിരുന്നു. കടല്‍ ജീവിതത്തിന്റെ ഒരു ഭാഗമായത് അങ്ങിനെയാണ്. കടല്‍ക്കരയില്‍ കിടന്നു ഉറങ്ങിയിട്ടുണ്ട്. മീന്‍ വള്ളങ്ങളില്‍ കടലിലേക്ക്‌ പോയിട്ടുണ്ട്. അവിടെ കടലിന്റെ വാത്സല്യം അനുഭവിച്ചിട്ടുണ്ട്. അതിന്റെ ഭയാനകത കണ്ടു നിലവിളിച്ചിട്ടുണ്ട്. നീന്തുമ്പോള്‍ നിലവിട്ടു താണു പോയിട്ടുണ്ട്. തിരമാല ശരീരം ചുരുട്ടിയെടുത്തു നിലത്തടിച്ചിട്ടുണ്ട് . ഇപ്പോഴും കടല്‍ വെള്ളത്തിന്റെ ഉപ്പ് നാവിന്‍ തുമ്പിലുണ്ട്‌. അവിടെ ഉയിര്‍കൊണ്ട സൌഹൃദങ്ങള്‍ അതിന്റെ വല്ലാത്തൊരു ഊഷ്മളതയോടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. കേരളത്തിലെ ഹോട്ടല്‍ മാനേജര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്ലം നാണി ഹോട്ടലിലെ സജീവ്‌ കൃഷ്ണന്‍ ഉള്‍പ്പടെ പലരും നിത്യവും ഓര്‍മ്മകള്‍ പങ്കിടാന്‍ വിളിക്കാറുണ്ട്.. വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവിക്കാരുമുണ്ട്......
രണ്ടു പതിറ്റാണ്ട് ഒരുമിച്ചു ജോലി ചെയ്ത പലരും ഇപ്പോള്‍ ഭൂമിയിലില്ല..)

നമുക്കു തിരിച്ചുവരാം....
ഡീ സീ ബൂക്സിലെക്കായിരുന്നു അന്ന് വിജയന്‍ കോട്ടയത്ത്‌ വന്നു കൊണ്ടിരുന്നത്. ഹോട്ടല്‍ അഞ്ജലിയിലാണ് താമസിക്കുക. അഞ്ജലിയുടെ മാനേജര്‍ പീറ്റര്‍ പോള്‍ , വിജയനെത്തുന്ന വിവരം ഉടനെ എനിക്ക് കൈമാറും. (പീറ്റര്‍ പോള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് തോമസ്‌ ഹോളിടെയ്സ് ന്റെ മേധാവിയാണ്).
ഒരു നാള്‍ വിജയന്‍ എന്നോട് ഒരു പരാതി പറഞ്ഞു: തനിക്ക് ഹോട്ടല്‍ ഭക്ഷണം പിടിക്കുന്നില്ല. അത് എന്നെ നിര്‍വീര്യനാക്കുന്നു എന്ന്. ഞാന്‍ എന്റെ ഷേഫിനോട് ആലോചിച്ചു. മുത്തു സാത്വികനായ ഒരു തമിഴനാണ്. മുത്തു എന്നോട് പറഞ്ഞു:
അതുക്കു എന്ന സാര്‍? ഒന്കലോട കഞ്ഞിയും പയറും ചമ്മന്തിയും പിന്നെ നല്ല കരിമീന്‍ വറുത്തതും നമുക്കു പായ്ക്ക് പന്നലാമേ?
പ്രശ്നം അവിടെ തീരുന്നില്ല. മറ്റൊരു ഹോട്ടലിലെക്കാന് സംഭവം പാക്ക് ചെയ്തു അയക്കേണ്ടത്.. ഞാന്‍ പീറ്ററെ വിളിച്ചു. അനുവാദം വാങ്ങിച്ചു.
അന്നുമുതല്‍ രാത്രി കൃത്യമായും എട്ടു മണിക്ക് വിജയന്‍റെ ഹോട്ടെല്‍ റൂമില്‍ ഞാന്‍ പാക് ചെയ്ത ഭക്ഷണമെത്തി തുടങ്ങി. എട്ടു മണിയാകുമ്പോള്‍ വിജയന്‍ റൂമിലുള്ള സുഹൃത്തുക്കളോട് പ്രഖ്യാപിക്കും: "നടരാജന്‍ എന്റെ ഭക്ഷണം കൊടുത്തയക്കും.. എല്ലാവര്‍ക്കും പോകാം.. "
വൈകിട്ട് തന്നെ ഞാനും മുത്തുവും അന്നത്തെ മെനു ചര്‍ച്ച ചെയ്യും. ഞങ്ങള്‍ പരമ്പരാഗത കേരളീയ ഭക്ഷണം റിസര്‍ച്ച് ചെയ്തു. ചെമ്മീന്‍ ചമ്മന്തി, വാഴക്കൂമ്പ് തോരന്‍, കട ചക്ക തോരന്‍ വറ്റല്‍ മുളക് ഇടിച്ച ചമ്മന്തി ഇതൊക്കെ അഞ്ജലിയ‌ിലേക്ക് പോയിക്കൊണ്ടിരുന്നു..
സാമാന്യം നാലും അഞ്ചും പേര്‍ക്കുള്ള ഭക്ഷണമാണ് ഞാന്‍ അയച്ചത്. അത് അവിടെ ഒരു ഉത്സവമായിരുന്നു എന്ന് എനിക്ക് അറിവ് കിട്ടി. നാല് ദിവസം പതിവു തുടര്‍ന്നു.
പിന്നീട് ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ സുരേഷ്ക്കുറുപ്പ് കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു: ഇതാണ് ഞാന്‍ അന്ന് പറഞ്ഞ നടരാജന്‍ . വിജയന്‍റെ ഭക്ഷണ ശ്രോതസ്സ്.. അരി വയ്പ്പുകാരന്‍..
സുഹൃത്ത് പറഞ്ഞു: താങ്കള്‍ ഒരു നല്ല ഹോട്ടല്‍ മാനേജരാണ്.. ...

ഒരു ഉച്ചത്തനലില്‍ എവിടെയോ രവിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നു..
കുട്ടിക്കാലം. സിന്ദരെല്ലയുടെ കഥ. നക്ഷത്രങ്ങള്‍ വിതറി വരുന്ന യക്ഷിയമ്മമാര്‍. അച്ഛന്‍ വായിച്ചു തന്ന കഥകള്‍ ഓര്‍മയില്‍ ആവ്ര്തിചാവര്തിച്ചു അയാള്‍ തിണ്ണയില്‍ തനിച്ചിരിക്കും. അച്ഛനും ചിറ്റംമയും അകത്തു ഉച്ച മയങ്ങുകയാവും. തിണ്ണയില്‍ നിന്നു ദൂരേക്ക്‌ നോക്കിയാല്‍ അറ്റമില്ലാതെ ഞെരിഞ്ഞു കിടക്കുന്ന കാപ്പി തോട്ടങ്ങളാണ്. കാപ്പി തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മഞ്ഞപ്പുല്ല് പുതച്ച കുന്നുകള്‍. ആകാശം . അതത്രയും ഉള്‍ക്കൊണ്ട് ഒരു ഗര്ഭവതിയെപോലെ കിടന്ന വെയില്.
രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു..
"നക്ഷത്രക്കുട്ടാ ...കല്പകവൃക്ഷത്തിന്റെ തൊണ്ട് കാണണോ?"

വേമ്പനാട് കായലിന്റെ ചക്രവാളങ്ങളില്‍ നിന്നും കല്പക വൃക്ഷത്തിന്റെ തൊണ്ടുകള്‍ ഇപ്പോഴും താഴോട്ട് ഉതിര്‍ന്നു വീഴുന്നുണ്ടായിരിക്കണം. അതും നോക്കി ഇതിഹാസകാരന്‍ ഇരുന്നത് ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്..
എനിക്കറിഞ്ഞുകൂടാ -
പഥികന്റെ കാല്‍ വിരലിലെ വൃണം നൊന്തിരുന്നുവോ?
എനിക്കറിഞ്ഞുകൂടാ.....