2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ഖസാക്ക് - നിര്‍വചനങ്ങളുടെ തുലാസ്സ് - 3

കവി ജീ ആര്‍ കവിയൂര്‍, കഥാകൃത്ത്‌ രഞ്ജിത്ത്, ദിലീപ് കുമാര്‍,ജയേഷ്, പള്ളിക്കുളം അനിതാ, ഹരി, കെ കെ : എല്ലാവരുടെയും ഉള്ളില്‍ " ഖസാക്ക്" ഒരു അഗ്നിയാണെന്നു കാണുന്നു. നല്ലത്. അത് അണയാതെ സൂക്ഷിക്കുക. . വരും തലമുറകള്‍ക്ക് വേണ്ടികാത്തുവയ്ക്കുക...

നമുക്കു സംഭാഷണം തുടരാം...

ഒരു യാത്രക്കിടയിലാണ് ഒക്ടോബര്‍ 19 - തീയതിയിലെ മംഗളം വാരികയില്‍ ശ്രീ എല്‍ തോമസ്‌ കുട്ടിയുടെ "വെള്ളം" എന്ന കവിത വായിക്കുന്നത് .. അത് ഇങ്ങിനെയാണ്‌:

"വെള്ളം വെള്ളമെന്ന
നേര്‍ത്ത വൃദ്ധ ശബ്ദം ഒഴിച്ചുകൊടുത്ത വെള്ളത്താല്‍
അടഞ്ഞു പോയി.
കോടിയ ഇടം കവിളിലൂടെ
കുറച്ച് ഒഴുകിപ്പോയി..
ഉള്ളിലേക്ക് പോയ വെള്ളം ഇനിയെന്ത് ചെയ്യും?"


ശ്രീ തോമസ്‌ കുട്ടിയെ എനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചതായി ഓര്‍മയില്ല.
പക്ഷെ, അതിലെ അവസാന വരികള്‍ അതി തീവ്രമായ ഒരു ഞെട്ടലാണ് എനിക്കുണ്ടാക്കിയത്.
( കവിതയുടെ ലക്ഷ്യവും അത് തന്നെ ആയിരിക്കണം.)

ഉള്ളിലേക്ക് പോയ വെള്ളം ഇനിയെന്ത് ചെയ്യും?
ഉള്ളിലേക്ക് പോയ വെള്ളം ഇനിയെന്ത് ചെയ്യും?

യാത്രയിലുടനീളം വരികള്‍ എന്നെ വേട്ടയാടി.

അള്ളാപ്പിച്ച മൊല്ലാക്കയുടെ മരണത്തിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്നു.
കലവര്കള്‍ - kalavarakal - എന്ന അധ്യായത്തില്‍ ഖസാക്ക് ഇങ്ങിനെ പറയുന്നു:
താരണപറ്റിലാകട്ടെ ഒന്നും തന്നെ അനങ്ങിയില്ല. പേനുകള്‍ പൊയ്ക്കഴിഞ്ഞിരുന്നു. തീ മഴ പോലെ, ചുഴലി കാറ്റു പോലെ, ഭൂകമ്പം പോലെ മരണത്തിന്റെ അപാരമായ വരവ് അവര്‍ അറിഞ്ഞു. പാലക്കാട്ട് നിന്നുള്ള നീണ്ട യാത്രയില്‍ താരനും രോമവും വിട്ടു ഒന്നൊന്നായി അവര്‍ പുറത്തിറങ്ങി. ജരയുടെ ശിഖര പഥങ്ങള്‍ പറ്റി അവര്‍ ഇറങ്ങി. വണ്ടി പായയിലൂടെ പലായനം ചെയ്തു. വണ്ടി ചട്ടത്തിന്റെ തെട്ടതു നിന്നു അതിനപ്പുറത്തെ അനന്ത സ്ഥലികളിലേക്ക് കൂപ്പു കുത്തി...

ചേതനയറ്റ ശരീരത്തില്‍, ജീവന്റെ ആസ്ഥാനമായ ജലം എന്ത് വിധിയെയാണ് കയ്യേല്‍ക്കുക?

ഇതിഹാസകാരന്‍ അതിന് വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്‌.
ഞാന്‍ അതിനെ ഇങ്ങിനെ നോക്കിക്കാണുന്നു;
വെള്ളം അതിനെയുള്‍ക്കൊണ്ട ശരീരത്തിന്റെ പഥത്തോടൊപ്പം പഞ്ചഭൂതങ്ങളുടെ അനന്തസ്ഥലികളിലേക്ക് കൂപ്പു കുത്തും. എന്നിട്ട് ശരീരമില്ലാതെ പ്രപഞ്ചത്തില്‍ നില കൊള്ളും.

വിജയന്‍ ഒരിക്കല്‍ ചോദിച്ചു:
നാമൊക്കെ ആരാണ്? എന്താണ്? എന്തിനിവിടെ വന്നു? വിചിത്രമായ രൂപങ്ങള്‍ കൈക്കൊണ്ടു പരിണാമത്തിന്റെ ചതുപ്പില്‍ എന്തിനലയുന്നു? ചോദിയ്ക്കാന്‍ ഒരു ചോദ്യമേയുള്ളൂ: എന്റെ പിറവിയുടെ അര്‍ഥം എന്താണ്?"
ഇതായിരുന്നു രവിയുടെ നിയോഗം.

കൂമന്‍കാവില്‍ വന്നിറങ്ങിയ ചൂടുറ്റ മദ്ധ്യാഹ്നം മുതല്‍ നാം ചോദ്യത്തിന്റെ പരിപ്രേക്ഷ്യത്തിലാണ്. ചേമ്പിലയില്‍ തങ്ങിയ ജലം കണക്കു ഒന്നിനോടും സ്ഥായിയില്ലാതെ മനുഷ്യന്‍ ചുറ്റുമുള്ള എല്ലാത്തിനോടും സംവദിക്കുന്നതും വെള്ളത്തിലെതിരകള്‍ തള്ളിവരും കണക്കു അതൊക്കെയും അയാള്‍ ഒഴികെ മറ്റെല്ലാവരെയും ഉലക്കുന്നതും ഖസാക്കിന്റെ ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതും നാം കാണുന്നു, അനുഭവിക്കുന്നു. രവി ചെന്നു ചേരുന്ന ഖസാക്ക് അല്ല അയാള്‍ അവിടെ നിന്നു പോകുമ്പോളുള്ള ഖസാക്ക്.
കൂമന്‍കാവില്‍ ബസ്സ് ചെന്നു നിന്നപ്പോള്‍ സ്ഥലം രവിക്ക്‌ അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കടിയില്‍ നാലഞ്ചു ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായകളുടെ ഓര്‍മകളിലെവിടെയോ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായി തീര്‍ന്നതാണ്. കനിവ് നിറഞ്ഞ വാര്‍ദ്ധക്യം, ക്ഷതം പറ്റിയ വേരുകള്‍, എല്ലാമത് തന്നെ.

ഇവിടെനിന്നു ഖസാക്ക് പരിണമിക്കുന്നത് :-
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. kaalavarshathinte velutha മഴ. മഴ ഉറങ്ങി. മഴ ചെറുതായി. സര്‍ ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍കൊടികള്‍ മുള പൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാല വര്‍ഷം പെരുവിരലോളം ചുരുങ്ങി.
ബസ്സ് വരാനായി രവി കാത്തു കിടന്നു.
രണ്ടു ഖണ്ധികകള്‍ക്കുമിടയില്‍, കേവലം നൂറ്റി അറുപതു പേജുകളില്‍ ഇരുപത്തിയെട്ട് അധ്യായങ്ങളില്‍, പിന്നീട് നിരൂപകര്‍ വിലയിരുത്തിയ പോലെ, മലയാള സാഹിത്യത്തെ ഖസ്സാക്കിനു മുന്‍പും പിന്‍പും എന്ന് ഒരു വേര്‍തിരിവ് നല്കിയ ഭൂമിക കിടക്കുന്നു.

വാര്‍ത്തകള്‍ക്കിടയില്‍ നാം പലപ്പോഴും വിട്ടുപോകുന്ന ചില കാര്യങ്ങളുണ്ട്.
അതിലേറ്റവും പ്രധാനം ആഴങ്ങളിലേക്ക് ചെല്ലുന്ന രക്ഷാപ്രവര്തകന്‍ ചേതനയറ്റ ഒരു ശരീരം കണ്ടെത്തുന്നതാണ് ....

അവിടെ അയാള്‍ ഈശ്വരന്റെ പ്രതിരൂപമായി വര്‍ത്തിക്കുന്നു. ജീവന്റെ ഒരു പുനഃ സൃഷ്ടിയാണ് അയാളുടെ നിയോഗം. അയാള്‍ നീന്തി ചെല്ലു‌ന്നത് aazhathil നിന്നുമുള്ള ഒരു നിലവിളി പിന്തുടര്‍ന്നാണ്. അഗാധമായ കുറ്റ ബോധവുമായിട്ടായിരിക്കണം, ജഡവുമായി കരയിലേക്ക് - കാത്തു നില്ക്കുന്ന ആയിരം കണ്ണുകളിലേക്കു, വിതുമ്പുന്ന മനസ്സുകളിലേക്ക് മടങ്ങിവരുന്നത്‌
ജീവന്‍ വിട്ടുപോയ ശരീരം രക്ഷാപ്രവര്തകനോട് എന്തെങ്കിലും പറയുന്നുണ്ടോ?

ഉള്ളിലേക്ക്
പോയ വെള്ളം ഇനിയെന്ത് ചെയ്യും?

പ്രീയപ്പെട്ട തോമസ്‌, നന്ദി - വായനയ്ക്ക് അര്‍ത്ഥമുണ്ടാക്കിതന്നതിനു ഒരായിരം നന്ദി.

സ്നേഹപൂര്‍വ്വം നടരാജന്‍