നിളയുടെ തീരത്ത് മധ്യാഹ്നത്തിന്റെ ചൂടുറ്റ അലസമായ പകല്‍ ഒടുങ്ങുമ്പോള്‍ ഒരു ചിത കത്തിയമരുന്നു....
(പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാന്ന യാത്രകളുടെയും അച്ഛാ, ഇലകള്‍ തുന്നിച്ചേര്‍ത്ത ഈ കൂട് വിട്ടു ഞാന്‍ പുറത്തേക്ക് പോവുകയാണ്, യാത്ര .)
നിളയുടെ തീരത്ത് ഒറ്റപ്പെട്ട ഒരു കാറ്റു വീശി. വി ഉഷ , തെരേസ പിന്നെ രവിശങ്കറും...
ഹൈദരാബാദിലെ വീട്ടില്‍ ഒരു തൂലിക അനാഥമാവുന്നു ... ഇന്ത്യന്‍ ഇങ്കിന്റെ കുപ്പികള്‍ തുറന്നിട്ടെത്രയോ നാളുകള്‍..
പഥികന്‍ നടന്നലഞ്ഞ അന്തമില്ലാത്ത കാതങ്ങള്‍.. ഞാറു പുരകള്‍, തീവണ്ടി മുറികള്‍.
ഖസാക്കിന്റെ നടുപ്പറമ്പില്‍, കിഴക്കന്‍ കാറ്റു പിടിക്കുന്ന കരിം പനകളുടെ നിഴലില്‍ പൂതലിച്ച മാവുകളുടെ തണലില്‍ നാം വെറുതെ കാറ്റു കൊള്ളാനിരിക്കുന്നു....
ഞാനപ്പോള്‍ വിജയനെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നു...
വായനക്കാരാ, താങ്കള്‍ വിജയനെ വായിച്ചിട്ടുണ്ടാവാം... , എന്നേക്കാള്‍ ഒരുപാടു കൂടുതല്‍.. ..രവിയും പത്മയും ഖാലിയാരും അള്ളപ്പിച്ചാ മൊല്ലാക്കയും നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നുണ്ടാവാം... നന്ന്...
വിജയനെ വായിച്ചിട്ടില്ലാത്ത സുഹൃത്തേ , ഖസാക്ക് വായിക്കൂ. അത് താങ്കളെ ശുധീകരിക്കുന്നത്, താങ്കള്‍ക്കു ഒരു പുതു അവബോധം തരുന്നത് അത്ഭുതത്തോടെ അനുഭവിക്കൂ..
ഞാന്‍ അത് വായിക്കുന്നത് 74 ഇല്‍ . പിന്നീടിങ്ങോട്ട് ഒരായിരം തവണ...ഒരു പക്ഷെ അതില്‍ക്കൂടുതല്‍ .. ..
ഓ വീ വിജയനുമായി കണ്ടുമുട്ടുന്നത് 85 -ലാണ് . മെയ് മധ്യത്തിലെ ദില്ലിയില്‍ ആയിരുന്നു അത്. നീണ്ട ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അത് ഇന്നലെ ആയിരുന്നു എന്ന് തോന്നുന്നു.
ശ്രീരാഗം മാസികയുടെ സബ് എഡിറ്റര്‍ എന്ന നിലയിലാണ് ഞാന്‍ ആ അഭിമുഖത്തിന് അനുമതി നേടിയത്. ഔപചാരികമായe ആ അഭിമുഖം ജീവിതാന്ത്യത്തോളം - അതിനപ്പുറവും - നില്ക്കുന്ന ഒരു ബന്ധമാവും എന്ന് കരുതിയതല്ല. പക്ഷെ സംഭവിച്ചത് അതാണ്.
പിന്നീടൊരിക്കല്‍ തമ്പാനൂരിന്റെ കുടുസ്സായ ഇട റോഡുകളിലൂടെ ഒരു പകല്‍ പകുതി മുഴുവനും അദ്ദേഹത്തോടൊപ്പം അലയാന്‍ ഭാഗ്യമുണ്ടായി. ഇരിങ്ങാലക്കുട കോളേജില്‍ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന നീലകണ്ഠന്‍ സാറിനെ അന്വേഷിച്ചായിരുന്നു ആ യാത്ര. കലാകൌമുദിയില്‍ നിന്നും എന്‍ ആര്‍ എസ് ബാബു സാറാണ് അദ്ദേഹത്തെ അനുഗമിക്കാന്‍ എന്നെ നിയോഗിച്ചത്. "വാസ്പീസ്s ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്" എന്ന സ്ഥാപനം നടത്തുകയായിരുന്നു നീലകണ്ഠന്‍ സര്‍. ഞങ്ങളുടെ കയ്യില്‍ അദ്ദേഹത്തിന്റെ അഡ്രസ് ഉണ്ടായിരുന്നില്ല. "കേരളത്തിലെ പക്ഷികള്‍" രചിച്ച "ഇന്ദുചൂടന്‍ " എന്ന കേരളത്തിലെ ഏറ്റവും വലിയ പക്ഷി നിരീക്ഷകനെയാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.
(ഓര്‍മ്മയുണ്ടോ, വിജയന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാളിന് രാജിക്കത്ത് അയച്ചത്? കത്തിന്റെ അഡ്രസ് ഇങ്ങിനെ ആയിരുന്നു: "ക്രൈസ്റ്റ് കോളേജ, ഇന്ത്യന്‍ ഒട്ടോമോബില്സിനു എതിര്‍വശം, ഇരിങ്ങാലക്കുട " ഇത്തരം ഹൈ വാട്ടെജ് ഹാസ്യം വിജയന് മാത്രമെ വരൂ.)
പകലിന്റെ ഒടുവില്‍ ഒരു പുരാതനമായ വീടിന്റെ ഉമ്മറത്തു ഞങ്ങളുടെ യാത്ര പൂര്‍ണമായി.
ഉള്‍ വെളിച്ചത്തിന്റെ ആള്‍ രൂപം പോലെ, അതി സാത്വികതയുടെ നിറകുടം പോലെ നിര്‍മലമായ ഒരു നിറചിരിയോടെ നീലകണ്ഠന്‍ സര്‍ !!!!
ആ സംഗമം എന്റെ ഭാഗ്യമാണ്. ഗുരു സാഗരത്തിലേക്ക് വിജയന്‍ ആ പഴയ കോളേജ് വിദ്യാര്ത്ഥി യായി കൂട് അണയുന്നത് കാണാന്‍ മുറ്റത്ത് പടര്‍ന്നുയര്‍ന്നു നിന്ന മരങ്ങളില്‍ പക്ഷികള്‍ ചിറകടിച്ചു.
ലോക പ്രശസ്തനായ ശിഷ്യനോട് ഗുരു മിതമായ വാക്കുകളില്‍ സംവദിച്ചു. ആഹ്ലാദം അദ്ദേഹം മറച്ചുവച്ചില്ല. സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
മൌനമായിരുന്നു അവരുടെ ഭാഷ. അതിലൂടെ അവര്‍ പരസ്പരം ഒരുപാടു സംവദിച്ചു. (അത്തരം ഒരു ഒത്തുചേരലിന് ഞാന്‍ രണ്ടാം തവണയാണ് സാക്ഷ്യം വഹിക്കുന്നത്. . മുമ്പൊരിക്കല്‍ കാമറ മാന്‍ സണ്ണി ജൊസെഫുമായി ( അന്നദ്ദേഹം പൂനെ ഇന്‍സ്ടിട്യുട്ടിലെ വിദ്യാര്‍ഥിയായിരുന്നു. ) അരവിന്ദനെ കാണാന്‍ പോയതായിരുന്നു ആദ്യാനുഭവം. ഒന്നും മിണ്ടാതെയിരുന്നാലും കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്ന് അന്നാണ് മനസ്സിലായത്. മുപ്പത്തിരണ്ട് മിനിട്ടാണ് ആരും ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടിയത്. ഒടുവില്‍ സണ്ണി പറഞ്ഞു " അപ്പോള്‍ എഡിറ്റിംഗ്?" അരവിന്ദന്‍ തലയാട്ടി. തീര്‍ന്നു . സണ്ണി എഡിറ്റിംഗ് സ്പെഷ്യലൈസ് ചെയ്യാനുള്ള തീരുമാനത്തിന് ഗുരുവിന്റെ അനുവാദം വാങ്ങാന്‍ വന്നതായിരുന്നു. അരവിന്ദനും ഷാജിയുമായുള്ള സംവേദനവും അങ്ങിനെത്തന്നെ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്. )
"എന്താ വിജയന്‍ , കണ്ടിട്ട് ഒരുപാടു നാളായല്ലോ?" എന്ന് ചോദിക്കും മട്ടില്‍ ഒരു പൂച്ച കടന്നു വന്നു.
അവള്‍ ഞങ്ങള്‍ക്കരികില്‍ നിലത്തു ചരിഞ്ഞു കിടന്നു ദേഹം വൃത്തിയാക്കാന്‍ തുടങ്ങി. അവളുടെ അഹങ്കാരം എനിക്ക് ഇഷ്ടപ്പെട്ടില്ല.. പൂച്ചകള്‍ വിജയന്‍റെ ദൌര്‍ബല്യമാണ്. ....
(അസ്തമയത്തില്‍ ആറാടി നിന്ന താഴ്വാരത്തില്‍ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളെ ഓര്‍മ്മയുണ്ടോ? പ്രകൃതിയുടെയും മനുഷ്യന്റെയും പ്രതിരൂപങ്ങളെ? അത്തരമൊരു കണ്ടുമുട്ടലായിരുന്നു അവിടെ നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്കും മറ്റുള്ളവര്‍ക്കും ഒരുപാടു നേരം പിന്നെയും വേണ്ടി വന്നു....)
വിജയന്‍ അവളെ കയ്യിലെടുത്തു. താടിയില്‍ ചൊരുകി സ്വസ്തയാക്കി. പൂച്ച
വിജയനോടെന്തോ പറഞ്ഞു..
അവര്‍ ഒരു ദീര്‍ഘ സംവാദത്തില്‍ മുഴുകി...
പുറത്തു വെയില്‍ ചാഞ്ഞു..
പോരുമ്പോള്‍, "ധര്‍മ്മപുരാണത്തിന്റെ'' ഒരു കോപ്പി ബാഗില്‍ നിന്നും എടുത്തു കയ്യൊപ്പ് വച്ചു ഗുരുവിനു സമര്‍പ്പിച്ചു.
രാത്രി, തിരികെപ്പോരുമ്പോള്‍ മറ്റൊരു കോപ്പി എന്റെ കയ്യിലുമുണ്ടായിരുന്നു. അതിന്റെ ഉള്‍ പേജില്‍ എഴുതിയിരുന്നു .."നടരാജന് - സ്നേഹപൂര്‍വ്വം, വിജയന്‍ .."
പഥികാ, എത്രയോ ദിനരാത്രങ്ങള്‍. നീ അന്നെനിക്ക് തന്ന പാഥേയവുമായി ഞാന്‍ ഈ യാത്ര തുടരുന്നു..
ഒരിക്കല്‍ക്കൂടി ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അത് കോട്ടയത്ത് ആയിരുന്നു. വിജയന്‍റെ അരി വയ്പ്പുകാരന്‍ എന്നൊരു പേരും എനിക്ക് കിട്ടി. (സുരേഷ് കുറുപ്പാണ് ആ പേരിട്ടത്..)
ആ കഥ അടുത്ത ലക്കത്തില്‍...
3 comments:
ഖസാക്ക്..
അപ്പുക്കിളി
അള്ളാപ്പിച്ചാ മൊല്ലാക്ക..
രവി
കൂമൻകാവ്
ചെതലിമല..
കബന്ധങ്ങൾ നീരാടുന്ന പള്ളിക്കുളം...
ഹൊ..!
ഓരോ വായനയിലും പുതിയ ചില വരികള്‍ കൂട്ടിച്ചേര്‍ ത്തിട്ടുണ്ടെന്നപോലെയാണ് ഖസാക്ക് എനിക്ക് അനുഭവമാകുന്നത്..ഇതിഹാസകാരന് സലാം
good to see the comments:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ